ഉറുമി എന്ന ചിത്രത്തിന് ശേഷം ചരിത്ര പുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കാളിയൻ. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് ‘കാളിയൻ’ അണിയറ പ്രവർത്തകർ. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
യുദ്ധസമാനമായ ഭൂമിയിൽ വാളുമായി ഒരാൾ നിൽക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റർ. ഒപ്പം പൃഥ്വിരാജിന് ആശംസയും അറിയിച്ചിട്ടുണ്ട്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്. ഷൂട്ടിംഗ് ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. ആറ് വർഷം മുൻപാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ കൊണ്ട് തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
എന്തായാലും പോസ്റ്റർ വന്നതിനു പിന്നാലെ ‘അടുത്ത കാലത്ത് എങ്ങാനും നടക്കുമോ?’, ‘അടുത്ത നൂറ്റാണ്ടിൽ ആകും ഇറങ്ങുന്നേ’, എന്നിങ്ങനെ തുടങ്ങിയ നിരവധി കമന്റുകളും നിറയുന്നുണ്ട്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. സുജിത് വാസുദേവ് ആണ് ക്യാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ രവി ബസ്‍റൂര്‍ ആണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു.